| പാമ്പിന്‍വിഷബാധ മൃഗങ്ങളില്‍ |
|
പാമ്പിന്റെ ഇനം, വലുപ്പം, കടിയേറ്റസ്ഥലം, മൃഗത്തിന്റെ വലുപ്പം, മൃഗങ്ങളുടെ ശരീരരീതി എന്നിവയെ ആശ്രയിച്ചാണ് വിഷബാധയേല്‍ക്കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ 15 മിനിറ്റ് മുതല്‍ 17 മണിക്കൂറിനകവും അണലി കടിച്ചാല്‍ 24 മണിക്കൂര്‍ മുതല്‍ 240 മണിക്കൂറിനകവും വെള്ളിക്കെട്ടന്റെ കടിയേറ്റാല്‍ 18 മണിക്കൂറു മുതല്‍ 60 മണിക്കൂറിനകവും മരണമുണ്ടാകും. കടിയേറ്റാല്‍ ചെയ്യേണ്ടത് - കടിയേറ്റഭാഗത്തിന് 4 ഇഞ്ച് മുകളിലായി തുണിക്കഷ്ണമോ മയമുള്ള ചരടോ ഉപയോഗിച്ച് മിതമായ ബലത്തില്‍ രക്തപ്രവാഹത്തെ തടസ്സപ്പെടുത്താത്ത തരത്തില്‍ കെട്ടണം. കടിവായ ശുദ്ധജലം കൊണ്ടോ, ആന്റി സെപ്റ്റിക് ചേര്‍ന്ന വെള്ളം കൊണ്ടോ കഴുകണം. മുറിവില്‍ നിന്ന് കുറച്ചെങ്കിലും രക്തം അമര്‍ത്തിക്കളയണം. ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് മൃഗത്തെ കിടത്തി വിശ്രമിപ്പിക്കുകയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കുകയും വേണം.
ലക്ഷണങ്ങള്‍ - ഇലാപിഡേ കുടുംബത്തില്‍ പെട്ട മൂര്‍ഖനും വെള്ളിക്കെട്ടനും കടിച്ചാല്‍, തലകറക്കം, ഉറക്കം തൂങ്ങല്‍, തലവേദന, ശ്വസിക്കാന്‍ പ്രയാസം, വായിലും തൊണ്ടയിലും ഉമിനീര് കെട്ടിനില്‍ക്കുക, കൈകാല്‍ വേദന, മാംസപേശികള്‍ക്ക് ബലക്കുറവ് എന്നീ ലക്ഷണങ്ങള്‍ കാണുന്നു. മൂര്‍ഖന്‍ വിഷം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ട് ശ്വാസം കഴിക്കാനാവാതെയാകും മരണം. ഇവയുടെ വിഷത്താല്‍ വയറിളക്കമുണ്ടാകുകയും ക്രമേണ അബോധാവസ്ഥയിലാവുകയും ചെയ്യും. വെള്ളിക്കെട്ടന്‍ കടിച്ചതാണെങ്കില്‍ വയറുവേദന, ഛര്‍ദ്ദി ഉണ്ടാകുമെങ്കിലും വയറ്റിളക്കം കാണുകയില്ല. അതുപോലെ ബോധം നഷ്ടപ്പെടുകയുമില്ല. വൈപറിഡേ കുടുംബത്തില്‍ പെട്ട അണലിവിഷം രക്തക്കുഴലുകളെ ബാധിക്കും. രക്തം ചുമച്ചുതുപ്പുക, ത്വക്കിനടിയില്‍ രക്തസ്രാവം, മൂത്രത്തില്‍ രക്തം എന്നിവകൊണ്ട് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കോളുബ്രിഡേ കുടുംബത്തില്‍ പെട്ട ചേരക്കു വിഷമുണ്ടാവില്ല.
|